Friday, October 11, 2013

നീലിമല

മലമ്പ്രദേശമായ വയനാട് ജില്ലയിലെ അതിമനോഹരമായ ഈ കുന്നിന്‍ പ്രദേശത്താകാം ഇനി യാത്ര. നിങ്ങളുടെ കാലുകള്‍ക്ക് അല്‍പം ആയാസമുണ്ടായേക്കാം. ജൂണ്‍-ജൂലൈ മാസങ്ങളിലെ വര്‍ഷകാലത്തിനു ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉചിതം. വയനാടന്‍ മലനിരകളുടെ ഹരിതാഭയെ കീറിമുറിച്ച് താഴേക്കു കുതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചയാണ്. വടുവന്‍ചാലിനു സമീപം നീലിമലയില്‍ നിന്ന് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് കുത്തനെ മുകളിലേക്ക് കയറും. മുകളില്‍ കാപ്പിത്തോട്ടങ്ങള്‍ക്കും കുരുമുളകു കൊടികള്‍ക്കുമിടയിലുള്ള ഗിരിവര്‍ഗ സെറ്റില്‍മെന്റാണ്. അവിടെയെത്തിയാല്‍ നിങ്ങളുടെ സാധന സാമഗ്രികള്‍ ഇറക്കി വച്ച് മലകയറാനുള്ള ഷൂസും മറ്റും ധരിക്കാം. മനോഹരദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ കരുതുന്നത് നന്നായിരിക്കും.

നീലിമല വ്യൂപോയിന്റിലേക്ക് കയറുമ്പോള്‍ ചുറ്റിലും വിശാലമായ കാപ്പിത്തോട്ടങ്ങളും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും കാണാം. വ്യത്യസ്തമായ പലതരം കുറ്റിച്ചെടികളും പക്ഷികളും സഞ്ചാരികള്‍ക്ക് കൗതുകം പകരും.

അരകിലോമീറ്റര്‍ മുകളിലേക്ക് കയറിക്കഴിയുമ്പോള്‍ ട്രക്കിങ്ങിന്റെ ആദ്യഘട്ടം കഴിഞ്ഞു. പിന്നീട് അല്‍പം കൂടി ഇടുങ്ങിയ പാതയാണ്. ചുറ്റുമുള്ള സസ്യങ്ങളുടെ കാര്യത്തിലും മാറ്റം വരും. വലതു വശത്ത് ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍.ഇടത്ത് പശ്ചിമഘട്ട മലനിരകളുടെ ഗംഭീരദൃശ്യം.

അല്‍പം വിശ്രമം, തണുത്ത കാറ്റിന്റെ ഉന്‍മേഷം ഉള്ളിലേക്കെടുക്കാം. വ്യത്യസ്ത വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ക്കു ചുറ്റും പാറിപ്പറക്കും. ചിലപ്പോഴവ മൂടല്‍ മഞ്ഞിനപ്പുറത്തേക്ക് മറയും. ഇവിടെ തന്നെ നിന്നാല്‍ ചെവിയില്‍ നേര്‍ത്ത മര്‍മ്മരം. ഇടതു വശത്ത് താഴേക്ക് ഒരു ഇടുങ്ങിയ പാത. വഴിയിലേക്ക് വീണു കിടക്കുന്ന പുല്ലുകള്‍ വകഞ്ഞു മാറ്റി വീണ്ടും മുന്നോട്ട്. വഴുക്കലുള്ള പാറകളെ സൂക്ഷിക്കുക. ഇടത്തേയ്ക്കു വളഞ്ഞ് പുളഞ്ഞ് ഈ വഴി നിങ്ങളെ അവിടെയെത്തിക്കും. ചെവിയില്‍ വെള്ളചാട്ടത്തിന്റെ ഹുങ്കാര ശബ്ദം നിറയും.

കരുതലോടെ അല്‍പം താഴേയിറങ്ങുക. നിങ്ങള്‍ക്കു മുന്നില്‍ ആ വിസ്മയദൃശ്യം തെളിയും. നിത്യഹരിത വനങ്ങള്‍ക്കിടയിലൂടെ കുതിച്ചു പായുന്ന ജലം. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ അവിസ്മരണീയ കാഴ്ച ചിലപ്പോള്‍ അപ്രതീക്ഷിതമായെത്തുന്ന മൂടല്‍മഞ്ഞ് നിങ്ങളുടെ കാഴ്ച മറച്ചേക്കാം. അല്‍പനേരം കാത്തിരിക്കുക. മഞ്ഞ് മാറി വെള്ളച്ചാട്ടം വീണ്ടും കാണാം. വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള മഞ്ഞ് മാത്രം വകഞ്ഞു മാറി പോകുന്ന അപൂര്‍വ്വ കാഴ്ച കാണാനും ഒരു പക്ഷെ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാം.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോഴിക്കോട്, വടുവന്‍ചാലില്‍ നിന്ന് 80 കി. മീ.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, വടുവന്‍ ചാലില്‍ നിന്ന് ഏകദേശം 95 കി. മീ.

No comments:

Post a Comment